മാർഗ്ഗം ഒന്ന്: കണ്ണുകളെ കീഴ്പ്പെടുത്തുക, ദൂരങ്ങൾ സഞ്ചരിക്കുക

കേരളത്തിൽ നിങ്ങൾക്ക് ഏറെ ഇഷ്ടം എന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ പറയും ഇവിടുത്തെ ഈ വൈബ് ആണെന്ന്, എന്തിനെയും ആഘോഷമാക്കുന്ന മലയാളിയുടെ വൈബ്.അതിപ്പോ ഉത്സവമായാലും വെള്ളപ്പൊക്കമായാലും, എല്ലാത്തിനും ഒരു ഓളമുണ്ട്. 

ഇന്നിപ്പോ റേഡിയോ, പത്രം എന്നതിനേക്കാളും നല്ല കരുത്തുള്ള മാധ്യമം ഫേസ്ബുക്കും, ഇൻസ്റ്റാഗ്രാം ഒക്കെയാണ്.ഈ അടുത്ത് ഒരാൾ പങ്കിട്ട ചിത്രമാണ് കോഴിക്കോട് ആവളപാണ്ടിയിലെ കനാലിൽ വിരിഞ്ഞിരിക്കുന്ന പിങ്ക് പൂക്കൾ. വെറും ഒരു കനാൽ ഇന്ന് ദിനം പ്രതി വർധിച്ചു വരുന്ന യാത്രക്കാരുടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്.

Cabomba furcata

 മലയാളി, അവൻ പൊളിയല്ലേ...?

കല്യാണത്തിന്റെയും, മത്സരാർത്ഥികളുടെ ഫോട്ടോഷൂട്ടുമൊക്കെയായി ഒരു ബഹളമാണ്. കൂടാതെ വരുന്നവർക്ക് അവയുടെ തൈകൾ, ചെറിയ ഒരു കെട്ടിനു 20 രൂപ എന്ന വിലക്ക് വാങ്ങാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.ഉത്സവ ആഘോഷം പോലെ കച്ചവടം പൊടി പൊടിച്ച് പോകുമ്പോൾ കേരളത്തിന്റെ ഭാവിയെ പറ്റി ചിന്തിക്കേണ്ടതായി വരും.

ബാഹ്യമായ സൗന്ദര്യത്തിൽ മുങ്ങുമ്പോൾ, 

ദേ, ഇതും കൂടി ഒന്നു അറിഞ്ഞിരിക്കുക.

ഭൂമിയുടെ ചരിത്രത്തെ ഒരു ശ്രേണിയിൽ സമയത്തിന്റെ ചെറിയ ഭാഗങ്ങളായി വിഭജിക്കാം. ഈ വിഭജനം സമയത്തിന്റെ ദൈർഘ്യം കുറയുന്നതിന് അനുസരിച്ച് ഇയോൺ,ഇറ, പിരീഡ്,ഇപോക്ക്, എയ്ജസ് എന്നിങ്ങനെ വിളിക്കാം.

11700  വർഷങ്ങൾക്കു മുൻപ് ആരംഭിച്ചു എന്നു കരുതുന്ന ഹോളോസീനാണ് ഇപ്പോഴത്തെ ഔദ്യോഗിക ഇപോക്ക് എങ്കിലും ഒരുകാലത്ത് ദിനോസുറകൾ വാണിരുന്ന ഭൂമിയിൽ ഇപ്പോൾ മനുഷ്യന്, ഭൂമി എന്ന ഗ്രഹത്തിന്റെ കാലാവസ്ഥയിലും, പരിസ്‌ഥിതിയിലും വലിയ ആഘാതം സൃഷ്ടിക്കാൻ സാധിക്കുമ്പോൾ, ഈ കാലഘട്ടത്തെ അനൗദ്യോഗികമായി ആന്ത്രോപോസീൻ എന്നാണ് വിളിക്കുന്നത്.

അങ്ങനെ മനുഷ്യർ ആണ് എല്ലാം നിയന്ത്രിക്കുന്നതെങ്കിൽ അവരുടെ ശ്രദ്ധ ആകർഷിക്കേണ്ടത് ജീവജാലങ്ങളുടെ ആവശ്യമായി വരും. ഉദാഹരണത്തിന് ചെമ്പരത്തി പൂവ് ഏറെ മനോഹരമായാൽ മനുഷ്യൻ അതിനെ പറിക്കുകയും സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്യും. വിത്ത് ഉണ്ടാക്കാതെ തന്നെ പ്രചരണം എളുപ്പമായി. ഏറ്റവും ബുദ്ധിശാലിയായ മനുഷ്യനെ മനസ്സിലാക്കി സസ്യങ്ങൾ പ്രവർത്തിക്കുമ്പോൾ അതിശയം.

കേരളത്തിൽ പ്രാദേശികമായി മുള്ളൻ പായൽ എന്നു അറിയപ്പെടുന്ന കബോംബയും ഇപ്പോൾ ഈ മാത്യകയിലാണ്, കണ്ണുകളെ കീഴ്പ്പെടുത്തുക, ദൂരങ്ങൾ സഞ്ചരിക്കുക. 

 സസ്യം അവരുടെ സ്വന്തം ഇടത്തിൽ നിന്നും മറ്റൊരു പരിസ്ഥിതിയിലേക്ക് എത്തുമ്പോൾ, അവിടെ അവരുടെ ശത്രുക്കൾ ഇല്ലാതെ വരുമ്പോൾ, അവ സുഗമമായി വളരുന്നു, പന്തലിക്കുന്നു. കൂടാതെ ഇക്കൂട്ടർക്ക് പുതിയതായി എത്തിയ സ്ഥലത്തു സ്വഭാവികമായി കണ്ടുവരുന്ന സസ്യങ്ങളെ നശിപ്പിക്കാനുള്ള കഴിവും കാണും. ഇങ്ങനെ ഉള്ളവരെയാണ് അധിനിവേശികൾ എന്നു പറയുക. അങ്ങനെ കാലക്രമേണ എത്തിപ്പെട്ട സ്ഥലത്ത് ഇവർ മാത്രമായി മാറും. 

Cabomba furcata ഒരു അധിനിവേശ സസ്യം എന്നിരിക്കെ അല്പം കരുതൽ നൽകുന്നത് ഏറെ നല്ലതാണ്. തെക്കേ അമേരിക്കയാണ് ഇവയുടെ സ്വദേശം. ചെറിയ ഓരോ കാണ്ഡ കഷ്ണങ്ങളിൽ നിന്നും പുതുതായി മുളച്ച് കട്ടിയുള്ള വിരിപോലെയാകാനും പിന്നീട് ആ ഇടത്ത് മറ്റൊരു ചെടിയേയും വളരാൻ അനുവദിക്കാതെയും വരുന്നു. അങ്ങനെ കേരളത്തിലെ സ്വന്തം സസ്യങ്ങൾ നഷ്ടപ്പെടുകയും, ആ ജലത്തിലുള്ള ഓക്സിജന്റെ അളവ് ക്രമാതീതമായി കുറക്കുകയും ചെയ്യുന്നു. അതുവഴി ആ ജലത്തിൽ ജീവിക്കുന്ന എല്ലാ ജീവജാലങ്ങളും ജീവനു വേണ്ടി കഷ്ടപ്പെടുന്നു. 

കബോംബ എന്ന സസ്യത്തെ വ്യക്തമായ കച്ചവട ലക്ഷ്യത്തെ മുൻനിർത്തി തെക്കേ അമേരിക്കയിൽ നിന്നും അവതരിപ്പിക്കപ്പെട്ട ഒരു അക്വേറിയം ഇനമാണെകിലും പിന്നീട് എപ്പോഴോ ആ അക്വേറിയം അതിർത്തികളിൽ നിന്നും രക്ഷപെട്ടപ്പോൾ ആണ് സംഭവം ഗുരുതരമായത്.

ഇരുപതാം നൂറ്റാണ്ടിൽ ഇതുപോലെ പൂക്കളുടെ മനോഹാരിതയിൽ വീണ് കേരളത്തിൽ വലിയ തോതിൽ പ്രശനമായ മറ്റൊന്നാണ് ആഫ്രിക്കൻ പായൽ. എങ്കിലും അവ ജലത്തിൽ ഒഴുകി നടക്കുന്നതിനാൽ, വേരുകൾ മണിൽ ഉറപ്പിച്ച് ദൃഢമായി നിൽക്കുന്ന കബോംബയേക്കാൾ അല്പം എളുപ്പമായിരിക്കും നീക്കം ചെയ്യാൻ.

ഇവയെ പറ്റിയുള്ള പഠനങ്ങൾ വളരെ കുറവാണ് എന്നതിനാൽ തന്നെ ഒന്നു സൂക്ഷിക്കണം. കാരണം  കനാൽ തുറന്ന് പാടത്തേക്കും, മറ്റു കേരളത്തിലെ ജലാശയങ്ങളിലേക്കും എത്തിയാൽ, കേരളത്തിന്റെ നല്ലൊരു മത്സ്യവൈവിധ്യം ഇല്ലാതെയായേക്കാം.

കനാലിലെ മത്സ്യമല്ലേ എന്നു  മാത്രം കരുതല്ലേ....!ഭക്ഷ്യ ശൃംഖലയിൽ ഏതെങ്കിലും ഒന്നു തന്നെ ധാരാളം അതുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാം കഷ്ടത്തിൽ ആവും എന്നു തീർച്ച.

അങ്ങനെ ഈ ഭക്ഷ്യ ശൃംഖലയിൽ കൊതുക്, തുമ്പി, ഒച്ചുകൾ, തവള എല്ലാം അപകടത്തിലാകുന്നു. അതുകൊണ്ട് കേരളത്തിന്റെ ജൈവവൈവിധ്യം കൂടി പരിഗണിച്ചു വേണം ഒരു തിരുമാനം എടുക്കാൻ.

പറഞ്ഞതെല്ലാം തുമ്പി, തവള, മത്സ്യം ഇവരുടെ കാര്യമല്ല മനുഷ്യൻ ഉൾകൊള്ളുന്ന പ്രകൃതിയുടെ കാര്യമാണ്, കേരളത്തിന്റെ ജൈവവൈവിധ്യത്തിന് വരാൻ പോകുന്ന ഭീഷണിയെ പറ്റിയാണ്. 

മലയാളിയുടെ തിരിച്ചറിവ് പ്രകൃതി സംരക്ഷണത്തിനുള്ള ഓരോ ചുവടുവെപ്പാണ് എന്ന ഉറച്ച വിശ്വാസത്തിൽ, പ്രകൃതിയുടെ കൂടെ നിൽക്കുന്ന സ്ഥാനാർഥിക്കാകട്ടെ ഇത്തവണ നിങ്ങളുടെ വോട്ട്.







Comments

Post a Comment